Wednesday, February 8, 2012

Day 811: മലയാളം ബ്ലോഗ്‌!!!

My sincere apologies to any non-Malayalis who planned to read this blog. For today alone, I am writing in Malayalam!

എനിക്ക് പെട്ടന്നൊരു ആഗ്രഹം. മലയാളത്തില്‍ എഴുതാനൊരാഗ്രഹം. അതും അവിടെയും ഇവിടെയും എഴുതിയാല്‍ പോര. ബ്ലോഗില്‍ തന്നെ എഴുതണം. ഏതായാലും എന്‍റെ ഒരു കൊച്ചു ആഗ്രഹമല്ലേ. സാധിപ്പിച്ചു കളയാമെന്നു ഞാനും വിചാരിച്ചു.

ബ്ലോഗ്‌ വായിക്കുന്ന നല്ലവരായ കുറച്ചു പേരോട് ഞാന്‍ ആദ്യം തന്നെ ക്ഷമ ചോദിക്കട്ടെ. മലയാളം അറിയാത്തവര്‍ എന്നോട് ക്ഷമിക്കു ( ഇത് ഞാന്‍ മുകളില്‍ ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്). മലയാളം അറിയുന്നവരും എന്നോട് ക്ഷമിക്കു.മലയാളം എഴുതിയിട്ട് വര്‍ഷങ്ങളായി. ഇതില്‍ എത്ര തെറ്റുകള്‍ വരുമെന്നെനിക്കറിയില്ല. അതുകൊണ്ട് നിങ്ങളും ക്ഷമിക്കു.

ചിലപ്പോള്‍ ഈയടുത്തിടെ വായിച്ചു തുടങ്ങിയ പി. പദ്മരാജന്‍റെ ചെറുകഥകള്‍ ആയിരിക്കാം ഇങ്ങനെ ഒരാഗ്രഹം പൊട്ടിമുളക്കാന്‍ അവസരമുണ്ടാകിയത്. അദ്ദേഹത്തിന്‍റെ എഴുത്ത് ശൈലി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാര്യം ഓരോ കഥയിലും മരണത്തെ കുറിച്ചും മരണത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ചും മറ്റും ആണ് എഴുതിയിരിക്കുന്നത്. സാധാരണഗതിയില്‍ ഇതെല്ലം മടുപ്പിക്കുന്ന വിഷയങ്ങളായി എനിക്ക് തോന്നിയേനെ. പക്ഷെ ഇദ്ദേഹം എഴുതുന്ന ശൈലി വളരേ മനോഹരമായതിനാല്‍ വായിക്കാന്‍ ഒരു രസമുണ്ട്.

ഏതായാലും ഞാന്‍ മലയാളത്തില്‍ എഴുതാന്‍ തീരുമാനിച്ചു. അപ്പോളിതാ അടുത്ത പ്രശ്നം. എന്തിനെ കുറിച്ചെഴുതും ? സാധാരണ എഴുതുന്ന പോലെ ഇന്നത്തെ ദിവസത്തെ കുറിച്ചെഴുതാണോ? അതോ വേറെ വല്ലതും?

പലതും മനസിലേക്ക് വന്നു. പണ്ടത്തെ കുറേ ഓര്‍മ്മകള്‍. കേരളത്തിലെ ഓര്‍മ്മകള്‍. കേരളത്തില്‍ മാത്രം കിട്ടുന്ന ഓര്‍മ്മകള്‍. എന്നാല്‍ പിന്നെ ആ ഓര്‍മ്മകള്‍ തന്നെ ഇവിടെ എഴുതാം. മനസിലേക്ക് വരുന്നത് അത് പോലെ തന്നെ.

സാധാരണ ചെയ്യുന്നപോലെ ഒരു ലിസ്റ്റ് തന്നെ ആയിക്കോട്ടെ.

1 ) മഴ - മഴയിലാത്ത കേരളമുണ്ടോ. എല്ലാ മലയാളികളെ പോലെ എനിക്കും മഴ ഭയങ്കര ഇഷ്ടമാണ്. എന്‍റെ അഭിപ്രായത്തില്‍ മഴയെ ഇഷ്ടമല്ലാത്ത മലയാളി ഒരു മലയാളിയേ അല്ല. മഴ മാത്രമല്ല മഴകാലത്ത് റോഡുകളില്‍ പടരുന്ന കുണ്ടും, കുഴികളും റോഡിന്‍റെ രണ്ടു വശങ്ങളിലും ചിലപ്പോള്‍ റോഡിന്‍റെ നടുക്കിലും കെട്ടി കിടക്കുന്ന വെള്ളവും, വേഗത്തില്‍ വണ്ടിയോടിച്ചു പോകുമ്പോള്‍ വെള്ളം മുഴുവനും കുതിച്ചു ചീറി പായുന്നതും , വീടുകളിലേക്ക് വെള്ളം കേറുമ്പോള്‍ അതുലൂടെ ഇഴഞ്ഞു വരുന്ന അട്ടയും, ഞാഞ്ഞൂലും, പാമ്പുകളും, തവളകളും, ആമകളും മറ്റു ജീവികളും, നനഞ്ഞു കുതിര്‍ന്ന കാക്കകളും, മഴക്കാലത്ത്‌ ടി വിയില്‍ വരുന്ന കുടകളുടെ പരസ്യങ്ങളും, അവ തമ്മിലുള്ള മത്സരങ്ങളും, ഇടിമിന്നലും, ഇടിമിന്നലില്‍ വീഴുന്ന മരശാഘകളും, മരശാഘകള്‍ കമ്പികളില്‍ തട്ടി കെടുന്ന വൈദ്യുതിയും, ഇരുട്ടില്‍ കത്തിക്കുന്ന മെഴുകുതിരിയും, ഇടിമ്മിനലിനെ പേടിച്ചു കാലുകള്‍ രണ്ടും കസേരയുടെ മീതെ കയറ്റി വെക്കുന്നതും, ഓടിട്ട വീട്ടില്‍ വെള്ളം ചോരുമ്പോള്‍ അത് പിടിക്കാന്‍ വേണ്ടി നടക്കുന്ന വഴി മുഴുവനും വെച്ചിരിക്കുന്ന പാത്രങ്ങളും, മഴ തുള്ളികള്‍ പാത്രങ്ങളില്‍ ഇറ്റിറ്റ് വീഴുന്ന ശബ്ദവും, ഒക്കെ എന്‍റെ മനസിലേക്ക് വന്നു. എല്ലാം എനിക്ക് ഇഷ്ടപെട്ടത്.

2) കാറ്റ് - മഴ പോലെ തന്നെ മനോഹരമായ കാറ്റ്. വൃശ്ചിക കാറ്റ്. "മോളെ , കാറ്റ് കാലമായി" - ഇപ്പോഴും എല്ലാ കൊല്ലവും അമ്മ വിളിച്ചു പറയുമ്പോള്‍ എനിക്കസൂയ തോന്നും. ഒരു മാസത്തെ തണുത്ത കാറ്റ്. കൊല്ലം തോറും വെയിലും മഴയും മാത്രമായി കഴിയുന്ന, തണുപ്പ് ഒരിക്കലും സ്പര്‍ശിക്കാത്ത കേരളത്തിലെ തണുത്ത കാറ്റ് കാലം. മഴയെ പോലെ കാറ്റും ഒരുപാടു ഓര്‍മ്മകള്‍ മനസില്ലേക്ക് കൊണ്ടുവന്നു. കാറ്റിന്‍റെ ആദ്യ ദിവസം രാവിലെ മോര്‍ണിംഗ് വാല്‍ക് കഴിഞ്ഞു വരുന്ന എന്‍റെ അച്ചന്‍റെ ഉത്സാഹം - "കാറ്റ് കാലമായി ... വാ പുറത്തേക്കു വന്നു നോക്ക്", പുറത്തുപോയിആദ്യത്തെ കാറ്റ് ചുറ്റും വീശുന്നത്, സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും കാറ്റിന്‍റെ ഒപ്പം ഉയരുന്നപൊടിപടലങ്ങള്‍, യൂണിഫോം പാവാട ചുറ്റും ഇറുക്കെ പിടിച്ചു നടക്കുന്നത്, വീട്ടിന്‍റെ പുറത്തു ഉണക്കാന്‍ വെച്ച അരി കൊണ്ടാട്ടം പറന്നകലുന്നത്, വെയിലിനെ അകറ്റി നിര്‍ത്താനുള്ള കുട കാറ്റില്‍ മലക്കം മറിയുന്നത്, അങ്ങനെ പലതും.

3) ഭക്ഷണം - ഇതില്ലാത്ത ഒരുപരിപാടിയും നമ്മള്‍ക്കില്ലല്ലോ! കേരളത്തിന്റെ രുചികള്‍. ഹോ! എവിടുന്ന് എഴുതി തുടങ്ങും എന്‍റെ ഈശ്വരാ! നാരങ്ങ വെള്ളം തൊട്ടു ബീഫ് ഫ്രൈ വരെ, കഞ്ഞി തൊട്ടു ബിരിയാണി വരെ , സദ്യതൊട്ടു തട്ടുകട വരെ, എല്ലാം ഒന്നിനൊന്നു മെച്ചം. എനിക്ക് ഓരോന്നായിട്ട് പറയാന്‍ വയ്യ. എങ്ങിലും മനസ്സില്‍ വരുന്നത് എഴുതട്ടെ. പുട്ട് കടല പത്തിരി നൂലപ്പം അവിയല്‍ സാമ്പാര്‍ ചമ്മന്തി കാളന്‍ ഓലന്‍ തോരന്‍ അവില്‍ കരിമീന്‍ കപ്പ കൊള്ളി മുട്ടമസാല അടപ്രഥമന്‍ പഴ പായസം കായ വറുത്തത് ശര്‍ക്കരവരട്ടി പപ്പടം കള്ള് ഇഷ്ടു എനിക്ക് അതെല്ലാം ഇഷ്ടമാണ്, വളരെ വളരെ ഇഷ്ടമാണ്!

4) നാട്ടുകാര്‍, വീട്ടുകാര്‍ - വീട്ടുകാര്യങ്ങളെ കാട്ടും നാട്ടുകാര്യങ്ങളില്‍ താല്‍പര്യമുള്ള നമ്മളുടെ സഹമാലയാളികള്‍. .. . . , കുശുമ്പും കുനുട്ടും അതേ സമയം മനസ് നിറയെ സ്നേഹവും മറ്റുള്ളവരെ സഹായിക്കാനുള്ള മനസുമുള്ള നാട്ടുകാര്‍, എത്രയൊക്ക പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നാട്ടിലെ ഉത്സവം വന്നാല്‍ എല്ലാം മറന്നിട്ട് മുന്‍നിരയില്‍ നിന്ന് പഞ്ചവാദ്യത്തിനൊപ്പം ആഹ്ലാദിക്കുന്നവര്‍,ലളിതമായ വേഷധാരണതോടും, വെള്ളവസ്ത്രങ്ങളോടും പ്രിയമുള്ളവര്‍ , ഒരുപക്ഷെ ഇന്ത്യയില്‍ വച്ചു തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞതും ലളിതവുമായ വിവാഹച്ചടങ്ങുകളുള്ളവര്‍ , എന്നാല്‍ അതേ സമയം ഇന്ത്യയില്‍ വിവാഹത്തിനു ഏറ്റവും കൂടുതല്‍ ആഭരണങ്ങള്‍ ധരിക്കുന്നവര്‍.. , സിനിമാതാരങ്ങള്‍ക്ക് "ഫാന്‍സ്‌ അസോസിയേഷന്‍" ഉണ്ടാക്കുന്നവര്‍, ആ പേരും പറഞ്ഞു പരസ്പരം കൂട്ടുകൂടുകയും, തല്ലിപിരിയുകയും ചെയ്യുന്നവര്‍, ഒരിക്കലും അവസാനിക്കാത്ത മെഗാസീരിയലുകള്‍ ആകംക്ഷപൂര്‍വം കാത്തിരിക്കുന്നവര്‍, ആനപ്രേമികള്‍, ക്രിക്കറ്റിനെ പോലെ ഫുട്ബോളും ഇഷ്ടപ്പെടുന്നവര്‍, പഠിക്കാതെ തന്നെ ഇംഗ്ലീഷും ഹിന്ദിയും തമിഴും ഒക്കെ പുല്ലുപോലെ പറയുന്നവര്‍, അങ്ങിനെ ചെറുതും വലുതുമായ പല രസകരമായ സ്വഭാവഗുണങ്ങള്‍ ഉള്ളവര്‍.. . നമ്മുടെ മലയാളികള്‍. .

5) സിനിമ, സിനിമ - എനിക്കെപോഴും പ്രിയങ്കരമായ, ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്ന മലയാളം സിനിമകള്‍. . . മലയാളം സിനിമയിലെ രംഗങ്ങള്‍ , കഥാപാത്രങ്ങള്‍, ഗാനങ്ങള്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, സംവിധായകര്‍, ഇവരെയെല്ലാം കുറിച്ച് മണിക്കൂറുകള്‍ എനിക്ക് സംസാരിക്കാന്‍ ഇഷ്ടമാണ്. അങ്ങിനെ സംസാരിച്ച് വേറെ കുറെ പേരെ വട്ട് പിടിപ്പിച്ചിട്ടുണ്ട്! ഇന്നും കുറെയധികം സിനിമകളിലെ ദൃശ്യങ്ങള്‍ മനസിലേക്ക് വന്നു.

മുകളിലെ ലിസ്റ്റില്‍ പെടാത്ത വേറെയും കുറെ സംഭവങ്ങള്‍ - കേരളം അല്ലെങ്കില്‍ മലയാളം എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്ന പല പല ചിത്രങ്ങള്‍. --- ഓണാഘോഷങ്ങള്‍ പൂക്കളം പുലിക്കളി വള്ളംകളി വിഷുദിനത്തിലെ പടക്കങ്ങള്‍ ക്രിസ്മസ് സ്റ്റാര്‍ വടക്കുനാഥനും ഗുരുവായൂരപ്പനുംറാന്തല്‍ വിളക്ക് നിലവിളക്ക് ശബരിമല അയ്യപ്പന്മാര്‍ മോഹിനിയാട്ടം കഥകളി ചാക്യാര്‍കൂത്ത് ചെണ്ട മദ്ദളം ഇടക്ക പുല്ലുവന്‍പാട്ട് അടക്കയും വെറ്റിലയും മുത്തശ്ശിമാര്‍ പാത്തുമ്മമാര്‍ മാര്‍ഗംകളി തിരുവാതിരകളി ഒപ്പന പാടങ്ങള്‍ തെങ്ങിന്‍തോപ്പുകള്‍ കടല്‍ കുന്നുകള്‍ പുഴകള്‍ കുളങ്ങള്‍ കാടുകള്‍ അങ്ങിനെ കണക്ക് കൂട്ടിയാല്‍ കൂടാത്ത ഇനിയും കുറെ കുറെ ഓര്‍മ്മകള്‍

ഇതൊക്കെ ഇപ്പൊ ഇവിടെ എന്തിനെഴുതി എന്നറിയില്ല. പക്ഷേ മലയാളത്തില്‍ എഴുതുവാനുള്ള ആഗ്രഹം സാധിച്ചു. അതുമതി.

189 ദിവസങ്ങള്‍ കൂടി.



No comments:

Post a Comment